കണ്ണിപ്പൊയിലിൽ ബസ് സ്റ്റോപ്പിലും റേഷൻകടയിലും പുസ്തക പെട്ടി ;ദർശന വായനശാലയുടെ വേറിട്ട ബഷീർ ദിനാചരണം
അത്തോളി : ബഷീർ ദിനാചരണത്തിന്റെ ഭാഗമായി കണ്ണിപ്പൊയിലിലെ ബസ് സ്റ്റോപ്പിലും റേഷൻകടയിലും വരുന്നവർക്കായി പുസ്തകപ്പെട്ടി ഒരുക്കിയാണ് ദർശന വായനശാല വായനയുടെ പൂക്കാലം തീർക്കുന്നത്. എല്ലാവരേയും വായനയിലേക്ക് നയിക്കാനും സ്ക്രീൻ ടൈം കുറക്കാനും ഇത് കൊണ്ട് സഹായിക്കും. ബാല മാസികകൾ ആനുകാലികങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. ഇവ സൗജന്യമായി വായിക്കുകയും വേണമെങ്കിൽ വീട്ടിൽ കൊണ്ടുപോയി വായിക്കുകയും ചെയ്യാം. ഒരാഴ്ചയ്ക്കകം തിരിച്ചു വച്ചാൽ മതി. കണ്ണിപ്പൊയിൽ റേഷൻ കടയ്ക്ക് സമീപത്തെ പുസ്തകപ്പെട്ടി വിദ്യാർത്ഥികളായ ഭാവനയിൽ ആയുഷ്മിയും ആൻവിയയും ചേർന്ന് ഉദ്ഘാടനം ചെയ്തു. കണ്ണിപ്പൊയിൽ ബസ് സ്റ്റോപ്പിലെ പുസ്തകപ്പെട്ടി രാമചന്ദ്രൻ കോറോത്ത് ഉദ്ഘാടനം ചെയ്തു. ദർശന പ്രസിഡൻറ് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലയിൽ, അരുൺ വാളേരി, ടി കെ സതീഷ്, വി.ജി ഷൈനിൽ, അളകനന്ദ എന്നിവർ പ്രസംഗിച്ചു. ആഴ്ചതോറും പുതിയ പ്രസിദ്ധീകരണങ്ങൾ പുസ്തകപ്പെട്ടിയിൽ സംഭരിക്കും.